കുന്നംകുളം നഗരസഭ പരിധിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്കു മുന്നിൽ എത്രയും പെട്ടന്ന് മുന്നറിയിപ്പ് ബോർഡ് വെക്കുക എന്നത് ഇനിയും പ്രാവർത്തികമായില്ല. പൊളിച്ചു മാറ്റാറായ കെട്ടിടങ്ങൾ ഓരോ ഭാഗം തകർന്നു വീഴാൻ ആരംഭിച്ചിട്ടും യാതൊരു കൂസലുമില്ലാതെ നോക്കിയിരിക്കുകയാണ് നഗരസഭ അധികൃതർ. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള കെട്ടിടങ്ങളായിട്ടുകൂടി നഗരസഭ നോക്കുകുത്തിയായിരിക്കുന്നതിനുപിന്നിലെ ഗൂഡലക്ഷ്യം എന്ത്?
കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. ഇതിൻ്റെ മുൻവശത്തുപോലും ഒരു ബോർഡ് സ്ഥാപിക്കാൻ ഇതുവരെയും നഗരസഭക്കായിട്ടില്ല.
കെട്ടിടങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി വർഷങ്ങളായിട്ടും ലൈസൻസില്ലാതെ ഈ കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിച്ച് വരുന്നു എന്നത് അപകട സാധ്യതയുടെ ആക്കം കൂട്ടുന്നു. ഈ കെട്ടിടങ്ങളിലെ വൈദ്യുത കണക്ഷൻ റദ്ദ് ചെയ്യാൻ നഗരസഭ ഇതുവരെയും കെ എസ്. ഇ ബിക്ക് അപേക്ഷ പോലും നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ഉന്നയിച്ച ഈ പ്രശ്നങ്ങൾക്കെല്ലാം ഉടൻ നടപടി ഉണ്ടാകുമെന്ന് ഒറ്റവാക്കിൽ ഉത്തരം നൽകിയെങ്കിലും നടപടിയുണ്ടാകാത്തത് കെട്ടിട ഉടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നതാണ്.
