വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയില്‍ സന്ദേശം; പതിമൂന്നുകാരന്‍ കസ്റ്റഡില്‍



ഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് പതിമൂന്നുകാരന്റെ സന്ദേശം എത്തുന്നത്. ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി.


അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇ-മെയില്‍ അയച്ചത് തമാശയ്ക്കാണെന്നും തന്നെ കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി മീററ്റ് പൊലീസിനോട് പറഞ്ഞു.



”പുതുതായി ഒരു മെയില്‍ ഐഡി നിര്‍മിച്ച ശേഷം അമ്മയുടെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് തന്റെ ഫോണില്‍നിന്നാണ് കുട്ടി സന്ദേശം അയച്ചത്. അയച്ചശേഷം ഉടന്‍ തന്നെ ഇമെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാര്‍ത്തയായത് മാധ്യമങ്ങളില്‍ കണ്ടെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല”-പൊലീസ് പറഞ്ഞു. സന്ദേശം അയച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال