ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി


കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ
നടപടി. ജസ്റ്റിസ് ജി ഗീരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോദ്യം ചെയ്താണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡ്രൈവര്‍ അര്‍ജുനെയും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരെയും സഹായികളെയും പിന്നീട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടികൂടിയതാണ് സംഭവത്തില്‍ ദുരൂഹത ആരോപണം ഉയര്‍ന്നത്. ബാലഭാസ്‌കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്നടക്കമുള്ള സംശയമാണ് മാതാപിതാക്കള്‍ ഉന്നയിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال