ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം


പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നു. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.

ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال