തിരുവനന്തപുരം: 2025-26 വർഷത്തെ ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു. ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനൽ പ്രവേശനം, കോണ്ടിനെൻ്റൽ ടൂറുകളിലെ വിജയങ്ങൾ എന്നിവയ്ക്കാണ് പുരസ്കാരം. വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്കാണ് പുരസ്കാരം.ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം, കോമൺവെൽത്ത് ഗെയിംസിൽ ടീം വെങ്കലവും വനിതാ ഡബിൾസ് വെങ്കലവും, ഏഷ്യൻ മിക്സഡ് ടീം വെങ്കലം, ഓൾ ഇംഗ്ലണ്ട് സെമി ഫൈനൽ പ്രവേശനം എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ആൻസി സോജൻ ഉൾപ്പെടെയുള്ള താരങ്ങളുടെ ദേശീയ-അന്തർദേശീയ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകനായ അനൂപ് ജോസഫിനാണ് മികച്ച കായിക പരിശീലകനുള്ള അവാർഡ്.ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച കായിക പരിശീലകനുള്ള അവാർഡ്. മികച്ച സ്പോർട്സ് ദൃശ്യമാധ്യമ പരിപാടിക്കുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവണ്‍ കൃഷ്ണയ്ക്ക് ലഭിച്ചു. വിഴിഞ്ഞത്ത് നിന്നുള്ള സഞ്ജു സാംസണിന്റെ വളർച്ചയെ കുറിച്ചുള്ള റിപ്പോർട്ടിനാണ് അംഗീകാരം. മികച്ച സ്പോർട്സ് ലേഖകനുള്ള അവാർഡ് മലയാള മനോരമയിലെ അജയ് ബെന്‍ എന്നിവർക്കാണ് ലഭിച്ചത്.
ആജീവനാന്ത മികവിനുള്ള സുരേഷ് ബാബു പുരസ്‌കാരത്തിന് ഡോ.പി.ടി.ജോസഫാണ് അർഹനായത്. കായിക പരിശീലനം, കായിക വിദ്യാഭ്യാസം, സർവകലാശാല തലങ്ങളിലെ കായിക അടിസ്ഥാന സൗകര്യ വികസനം, കായിക ഭരണനിർവ്വഹണം എന്നീ മേഖലകളിലെ ദീർഘകാല സേവനമാണ് പി.ടി.ജോസഫിനെ അവാർഡിന് അർഹനാക്കിയത് നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമാണ് ജി വി രാജ അവാർഡ്. അന്തർദേശീയ പാരാ പവർലിഫ്റ്റിംഗ് മത്സരങ്ങളിലെ മെഡൽ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ പാരാ കായികരംഗത്ത് പ്രചോദനമായ പവർമാൻ ജോബി മാത്യുവിനും ഇന്ത്യൻ ഫുട്ബോൾ ടീമിനെയും കേരളത്തെയും പ്രതിനിധീകരിച്ച് ഗോൾകീപ്പറായും ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച് സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ്ത വിക്ടർ മഞ്ഞിലയ്ക്കും അവാർഡ് കമ്മിറ്റി പ്രത്യേക അംഗീകാരം രേഖപ്പെടുത്തി.അഞ്ജു ബോബി ജോർജ്, പി.ആർ. ശ്രീജേഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി. തോമസ്, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, കായിക വകുപ്പ് ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.