കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാൻ നിർദേശം നൽകിയെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിയാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി അഭ്യൂഹങ്ങൾ ഉണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവമാണ്. ഇതിലെന്താണ് പൂഴ്ത്താൻ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തി എന്ന ആരോപണത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.
42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്.