കൊല്ലം കരുനാഗപ്പള്ളിയിൽ ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്. കരുനാഗപ്പള്ളി കന്നേറ്റിയിൽ പ്രവർത്തിക്കുന്ന ‘മന്തി മൻസിൽ’ എന്ന ഹോട്ടലിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ തേവലക്കര സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് അജ്മൽ ഹോട്ടലിൽ ആക്രമണം നടത്തിയത്. ഹോട്ടലിൻ്റെ ചില്ലുകൾ ഇയാൾ അടിച്ചു തകർത്തു. ഒരാഴ്ച മുൻപാണ് ഇവിടെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.
മുൻപ് ഈ ഹോട്ടലിൽ വന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും അതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഹോട്ടൽ തുടങ്ങിയട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ എന്നും പ്രതി പറയുന്നതുപോലുള്ള ഒരു സംഭവം നടക്കാൻ സാധ്യതയില്ലെന്നും ഉടമകൾ വ്യക്തമാക്കി. ഹോട്ടൽ ഉടമയുടെ പരാതിയിലാണ് അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.