തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം ഇടിഞ്ഞു വീണു. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അട്ടക്കുളങ്ങര ഫോർട്ട് ഗവർൺമെന്റ് സ്കൂളിന്റെ ഒരു ഭാഗമാണ് ഇന്ന് ഇടിഞ്ഞു വീണത്. സ്കൂളിലെ ജീവനക്കാരുടെ ഓഫീസ് നിലനിന്നിരുന്ന കെട്ടിടമാണ് ഇന്ന് തകർന്നു വീണത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ സ്കൂളിൽ ഇന്ന് ഉണ്ടായിരുന്നെങ്കിലും അപകടത്തിനു മുൻപ് അവരെല്ലാം തിരിച്ചു പോയത് വൻ ദുരന്തം ആണ് ഒഴിവാക്കിയത്.
അതേസമയം തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് എങ്ങനെ ലഭിച്ചു എന്ന് പരിശോധിക്കുമെന്നും സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന കോർപ്പറേഷന്റെ ഭാഗത്ത് നിന്നും ഇതുവരെ വ്യക്സ്തമായ വിശദീകരണം ലഭിച്ചിട്ടില്ല. മേൽക്കൂര തകർന്നു വീണ സംഭവം അതീവ ഗൗരവകരമാണെന്ന് മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.കെട്ടിടത്തിന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരിൽ നിന്നും കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.