ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു


മുഹമ്മ: കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരനാണ് (69) മുഹമ്മ പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്രത്തിൽ കീഴ്‌ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. 2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചുപോയ സമയത്താണ് പ്രതി ഉള്ളിൽക്കടന്ന് മോഷണം നടത്തിയത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന ഷോമാലയും ഉൾപ്പെടെ ആകെ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നാണ് പ്രതിയെ കണ്ടെത്തിയത്.


മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്ഐ ഉണ്ണികൃഷ്ണൻ, എ എസ്ഐ ശ്യാം കുമാർ എസ്, സി പി ഒ ജഗദീഷ്, ഡ്രൈവർ സി പി ഒ അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഷണമുതലുകൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മുഹമ്മ പൊലീസ് അറിയിച്ചു. ഇയാൾ സമാന കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال