കോഴിക്കോട്: യുവാവിന്റെ വയറില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം അയപ്പിക്കുകയും കയ്യിലുണ്ടായിരുന്ന പണം കവരുകയും ചെയ്ത സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷക്കീര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി മേലേകുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ് അന്‍ഷിദ്(23), പെരുവയല്‍ കായലം സ്വദേശി അത്തിക്കാട്ടിന്‍മേല്‍ വീട്ടില്‍ ഫസല്‍(26) എന്നിവരെയാണ് കസബ പൊലീസ് സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ 18ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്.കെ ടെമ്പിള്‍ റോഡിന് സമീപത്ത് വെച്ച് ഇവര്‍ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കത്തി വയറില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മുഹമ്മദ് കൈഫ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കസബ, പന്നിയങ്കര സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. 2024 ജൂലൈയില്‍ കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കബളിപ്പിച്ച് കൊണ്ട് പോയി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ എത്തിക്കുകയും എംഡിഎംഎ നല്‍കിയ ശേഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസ് നിലവിലുണ്ട്. മുഹമ്മദ് അന്‍ഷിദ് പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ വടി വാള്‍ കൊണ്ട് വെട്ടിയ കേസിലെ പ്രതിയാണ്.
കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവന്റെ മാല പിടിച്ചു പറിക്കുകയും തൊണ്ടയാട് സ്വദേശിയായ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫസലിന്റെ പേരില്‍ മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ പി.ജെ ജിമ്മിയുടെ നേതൃത്വത്തില്‍ എസ്.ഐ അഖില്‍, എ.എസ്.ഐമാരായ സജേഷ് കുമാര്‍, രജീഷ് എന്‍, രാജീവ് കുമാര്‍, സി.പി.ഒമാരായ ഷിംജിത്ത്, ദീപക്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.