ഹരിപ്പാട്: ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷ് (39) ആണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലായിരുന്നു സംഭവം. പിക് അപ്പ് വാനിലെത്തിയ മഹേഷ് ഹോട്ടലിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ, ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാവുകയായിരുന്നു. മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ശാന്തനാകാതെ ഇയാൾ അക്രമാസക്തനാവുകയും ഭക്ഷണം തട്ടിത്തെറിപ്പിച്ചു.
തുടർന്ന് താഴത്തെ നിലയിലെത്തിയ ഇയാൾ ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന റീജ എന്ന ജീവനക്കാരിയെ അസഭ്യം പറയുകയും കൗണ്ടറും കമ്പ്യൂട്ടറും മറ്റ് സാമഗ്രികളും ജീവനക്കാരിയുടെ നേർക്ക് തള്ളിയിട്ട് നശിപ്പിക്കുകയും ചെയ്തു. റീജയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഹോട്ടലിലെ കമ്പ്യൂട്ടറും ഫർണിച്ചറുകളും തകർന്നു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഹോട്ടൽ ഉടമകൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഹരിപ്പാട് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.