അഞ്ചുവയസ്സുകാരൻ ജംഗിൾ പാര്‍ക്കിലെ ചാലിൽ വീണ് മരിച്ച സംഭവം: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ


അഞ്ചുവയസ്സുകാരൻ ജംഗിൾ പാര്‍ക്കിലെ ചാലിൽ വീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ആർഡിഒ തലത്തിലുള്ള അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിൻ്റേതാണ് നിര്‍ദേശം. അതിനിടെ പാര്‍ക്കിന് അനുമതി നൽകിയ ഭരണ സമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പാര്‍ക്കിൻ്റെ മറവിലെ നികുതി വെട്ടിപ്പും അന്വേഷിക്കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ചയാണ് പാര്‍ക്കിലെത്തിയ അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചാലിൽ വീണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിൽ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിൾ പാർക്കിന്റെ ചതുപ്പിൽ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ- സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാർക്കിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തെരച്ചിൽ നടത്തി. തെരച്ചിലിനിടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال