കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് സമാനതകളില്ലാത്ത ചൂടാണ്. രാത്രി ഉറങ്ങാൻ പോലും കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുകയായിരുന്നു. എന്നാൽ അതിന് പരിഹമാരമാവുകയാണെന്ന് സന്തോഷ വാർത്തയാണ് ഇന്ന് വൈകുന്നേരം മുതൽ പുറത്തു വരുന്നത്. കേരളത്തിൽ പലയിടങ്ങളിലും ഇന്ന് വൈകീട്ടോടെ മഴ പെയ്തു. ഇപ്പോഴിതാ കാലാവസ്ഥ വകുപ്പിൻ്റെ പുതിയ വിവരവും വന്നിരിക്കുകയാണ്.
ഇടുക്കി ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വൈകീട്ട് അറിയിച്ചിരുന്നു.