പിത്തള വെട്ടി ചെമ്പാക്കി; സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാറിനെ കുടുക്കി മിനുട്‌സ് പകർപ്പ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായകമായ മിനുട്‌സ് രേഖകൾ പുറത്ത്. കേസിൽ മുഖ്യ തെളിവായ ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്‌സ് പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. രേഖകളിൽ ‘പിത്തള’ എന്ന വാക്ക് വെട്ടിത്തിരുത്തി ‘ചെമ്പ്’ എന്നാക്കിയതായി വ്യക്തമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറാണ് ഈ തിരുത്തൽ വരുത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2019-ൽ ചേർന്ന ബോർഡ് യോഗത്തിന്റെ രേഖകളിലാണ് തിരുത്തൽ നടന്നത്. ശ്രീകോവിൽ കട്ടിളയിൽ പൊതിഞ്ഞ പിത്തളയിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലാണ് ഈ കൃത്രിമം നടത്തിയത്. മുൻ ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറും കെ.പി. ശങ്കരദാസും ഈ മിനുട്‌സിൽ ഒപ്പിട്ടതായും കണ്ടെത്തി.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയാവുകയും അത് മറച്ചുവെക്കാൻ ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തുകയും ചെയ്തതാണ് പത്മകുമാറിനെതിരെയുള്ള പ്രധാന കുറ്റം. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന പത്മകുമാർ, രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ഈ മാസമാദ്യമാണ് പുറത്തിറങ്ങിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال