ശബരിമല യുവതി പ്രവേശനം; സീനിയർ അഭിഭാഷകനെ മാറ്റി ദേവസ്വം ബോർഡ്


ദില്ലി: ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെ മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. പുനഃപരിശോധന ഹർജിയിൽ ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാല കൃഷ്‌ണന്‌ വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്‌വി ആയിരുന്നു.

അതേസമയം, ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം കക്ഷികൾക്ക് സുപ്രീംകോടതി സമയം നീട്ടി നൽകി. ചീഫ് ജസ്റ്റിസ് മുന്നിൽ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി വാദങ്ങൾ സമർപ്പിക്കാനുള്ളവർക്ക് കോടതി ഈ മാസം 23 വരെ സമയം നീട്ടി നൽകിയത്. അതേസമയം ഭരണഘടന തത്വങ്ങളെ വെച്ച് ആചാരങ്ങളെ അളക്കരുതെന്ന് കാട്ടി യുവതി പ്രവേശനത്തിനെതിരെ വാദങ്ങൾ സമർപ്പിച്ച് അഖില ഭാരതീയ അയ്യപ്പസേവാസംഘം രംഗത്തെത്തി. പൊതു താൽപര്യ ഹർജിയിലൂടെ മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും സംഘത്തിനായി അഭിഭാഷക ശോഭ രാമമൂർത്തി വാദങ്ങളിൽ പറഞ്ഞു. ആചാരവിശ്വാസ വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിനോ കോടതിക്കോ അധികാരമില്ലെന്ന് പന്തളം കൊട്ടാര അംഗം ആർ ആർ വർമ്മയും വാദങ്ങൾ സമർപ്പിച്ചു. ദീർഘനാളായി തുടരുന്ന ആചാരങ്ങളിൽ ഇത്തരം ഇടപെടലുകൾ മതസ്വാതന്ത്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും രാജാ രാജാ വർമ്മ വ്യക്തമാക്കുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال