തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ


കാസർകോട് : തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങാൻ കെപിസിസി സന്ദീപിന് നിർദേശം നൽകി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ടതോടെയാണ് ഡിസിസി നേതൃത്വം അയഞ്ഞതെന്നാണ് വിവരം. ഇന്നലെ സന്ദീപിനെ പരിഗണിക്കുന്നുവെന്ന വിവരം പുറത്ത് വന്നതോടെ, ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പരസ്യമായി രംഗത്തെത്തിയ സ്ഥിതിയുണ്ടായിരുന്നു. കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ ഇന്നലെ അടിയന്തര യോഗം ചേർന്നു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനൊപ്പം ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സന്ദീപിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരാനിരിക്കെയാണ് എതിർപ്പിൽ നിന്നും നേതാക്കൾ പിന്നോട്ട് പോയത്. ഇന്ന് രാവിലെ 10.30 ന് യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് യോഗം ഒഴിവാക്കി. ഡിസിസി അധ്യക്ഷനുമായി സന്ദീപ് വാര്യരും സംസാരിച്ചതായാണ് വിവരം.

ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال