തിരുവനന്തപുരം: 30-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞോടി കേരള സവാരി. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഓൺലൈൻ ടാക്സി സർവീസും മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണറുമായ 'കേരള സവാരി' മേളക്കാലത്ത് ഏകദേശം 4,000 ഓളം സൗജന്യ യാത്രകൾ നടത്തി. ആകെ 8400 പേർ ഇത് പ്രയോജനപ്പെടുത്തി. ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ ചലച്ചിത്ര പ്രേമികളെയും കൊണ്ട് തിയറ്ററുകളിൽ നിന്ന് തിയ്യറ്ററുകളിലേക്ക് ഓടിയെന്നാണ് കണക്ക്. ദിവസം ശരാശരി 1200 ഡെലിഗേറ്റുകൾ സഞ്ചരിച്ചു. 17 ഓട്ടോകളും നാല് ക്യാബുകളുമാണ് മേള സ്പെഷ്യലായി ഓടിയത്.
ഒരു തിയറ്ററിൽ ഷോ കഴിഞ്ഞയുടൻ വാഹനങ്ങൾ നിരത്തിൽ തയ്യാറായി നിന്നത് അടുത്ത സിനിമയ്ക്കായി മറ്റൊരു തിയറ്ററിലേക്ക് പോകേണ്ട പ്രേക്ഷകർ ക്ക് ഉപകാരമായി. യാത്രകൾ സമയബന്ധിതവും സുതാര്യവുമായതോടെ, പ്രദർശനങ്ങൾക്കിടയിലെ ആൾനീക്കം കൂടുതൽ സൗകര്യപ്രദവും ലളിതവുമായി. ടാഗോർ, നിശാഗന്ധി, കൈരളി–ശ്രീ ഉൾപ്പെടെയുള്ള പ്രധാന വേദികളെ ബന്ധിപ്പിച്ച് ഒരുക്കിയ സൗജന്യ ഷട്ടിൽ സർവീസുകൾ മേളയിൽ പങ്കെടുത്തവർക്കിടയിൽ വലിയ സ്വീകരണമാണ് നേടിയത്.