തൃശൂരിൽ 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ: ഭർത്താവ് അറസ്റ്റിൽ


തൃശൂര്‍: മനക്കൊടിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതി അറസ്റ്റില്‍. മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പില്‍ വീട്ടില്‍ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവായ മലപ്പുറം എടപ്പാള്‍ സ്വദേശി കളരിപറമ്പില്‍ ജിതിന്‍ പ്രകാശിനെ (24)യാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.

വാക്കേറ്റത്തെ തുടര്‍ന്ന് വാടകവീട്ടില്‍ അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിന്‍ പ്രകാശ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒരു കാല്‍ അറ്റ നിലയിലാണ്. കൈക്കും ശരീരത്തിലും സാരമായ പരുക്കുണ്ട്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ എഴുന്നേറ്റ് എത്തുകയായിരുന്നു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച യുവതിയെ ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പൊലീസ് പാഞ്ഞെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പും ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി പറയുന്നു. പരുക്കേറ്റ അമൃതയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അന്തിക്കാട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തുവന്ന് പരിശോധന നടത്തി. അന്തിക്കാട് സി.ഐ. കേഴ്‌സണ്‍, എസ്. ഐ. ഡെന്നി, ജി.എ.എസ്.ഐ. വിജയന്‍, സി.പി.ഒമാരായ അനീഷ്, അനൂപ്, ജോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال