സിനിമാ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്. തായ്‌ലൻഡിൽ നടക്കുന്ന ‘കട്ടാളൻ’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആണ് ആന്റണി വർഗീസിന് (പെപ്പെ) പരുക്ക് പറ്റിയത്. ആക്ഷൻ നിറഞ്ഞ ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തിൽ താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് ആന്റണിയിപ്പോൾ. പരുക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറ്റിവച്ചു.
ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ഒരുക്കിയ ലോക പ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.