കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മൂന്നു അതിഥി തൊഴിലാളികൾ മരിച്ചു



തൃശ്ശൂർ: കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്നു അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റൂബൽ, രാഹുൽ, അലിം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ കൊടകര പഞ്ചായത്തിന് സമീപത്തെ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടമാണ് ശക്തമായ മഴയിൽ തകർന്നുവീണത്.
അപകടസമയത്ത് കെട്ടിടത്തിൽ 12 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. കെട്ടിടം തകരുന്ന ശബ്ദം കേട്ട് ഒമ്പത് പേർ ഉടൻതന്നെ പുറത്തേക്കോടിയതിനാൽ അവർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെടാനായി. എന്നാൽ, റൂബൽ, രാഹുൽ, അലിം എന്നിവർക്ക് രക്ഷപ്പെടാനായില്ല. ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
രക്ഷപ്പെട്ടവർ നൽകിയ വിവരമനുസരിച്ച് ചാലക്കുടി ഫയർഫോഴ്സും കൊടകര പോലീസും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പിന്നീട് രണ്ട് ജെസിബികൾ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്. കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നാണ് റൂബലിനെയും രാഹുലിനെയും കണ്ടെത്തിയത്. അലിമിനെ സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും തകർന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال