ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് ഉറപ്പിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) പ്രാഥമിക റിപ്പോർട്ട്. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പാക് ഭീകരസംഘടന ലഷ്‌കറെ തൊയ്ബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ, പാക് സൈന്യം എന്നിവരുടെ പങ്കാളിത്തം ഉറപ്പാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥനാണെന്നാണ് കരുതുന്നത്.
ആക്രമണത്തിൽ മുഖ്യപങ്കുവഹിച്ച ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവർ പാകിസ്താൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രണ്ടുഭീകരരും പാകിസ്താനിലെ ലഷ്‌കറെ തൊയ്ബ നേതൃത്വവുമായി നിരന്തര ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം. പദ്ധതി നടപ്പാക്കാനുള്ള സമയം, ആയുധം, നടപ്പാക്കൽ എന്നിവയെക്കുറിച്ച് ഭീകരസംഘടനയിൽനിന്ന് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായും കണ്ടെത്തി.
കശ്മീർതാഴ്‌വരയിലെ ഇരുപതിലധികം ഭൂഗർഭ തൊഴിലാളികളെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. അനന്ത്നാഗ് മേഖലയിൽ കൂടുതൽ സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്.
ഏപ്രിൽ 15-ഓടെയാണ് ഭീകരർ പഹൽഗാമിലെത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബൈസരൺ താഴ്‌വര, അരു, ബേതാബ് താഴ്‌വര, ഒരു പ്രാദേശിക അമ്യൂസ്‌മെന്റ് പാർക്ക് എന്നിങ്ങനെ നാലുസ്ഥലങ്ങൾ ഭീകരർ ആദ്യമെത്തി പരിശോധിച്ചതിന് തെളിവുലഭിച്ചു. ഒടുവിൽ സുരക്ഷാസാന്നിധ്യം കുറഞ്ഞ ബൈസരൺ തിരഞ്ഞെടുത്തെന്നാണ് വിവരം.
150-ലധികം പേർ കസ്റ്റഡിയിൽ
ഇതുവരെ 2800-ലധികം വ്യക്തികളെ എൻഐഎ ചോദ്യംചെയ്തു. ഇതിൽ തൊഴിലാളികൾ, നിരോധിത ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികൾ ഉൾപ്പെടെ 150-ലധികം പേർ ഇപ്പോഴും കസ്റ്റഡിയിലാണ്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഗുഹകളിലും വനപ്രദേശങ്ങളിലെ ഒളിത്താവളങ്ങളിലും ഉണ്ടാകാമെന്ന് സുരക്ഷാ സേന സംശയിക്കുന്നു. ബൈസരൺ താഴ്‌വര, തരാനൗ ഹാപ്ത്ഗുണ്ട്, ദൗരൂ, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഇടതൂർന്ന വനപ്രദേശങ്ങളിൽ കഴിഞ്ഞ പത്തുദിവസത്തിലേറെയായി തിരച്ചിൽ തുടരുകയാണ്. മുൻപ് ഭീകരർക്ക് സഹായം നൽകിയെന്ന കേസിൽ ജയിലിൽക്കഴിയുന്ന നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെ ചോദ്യം ചെയ്യും. 2023-ൽ ഭാട്ട ധുരിയലിലും ടോട്ടഗാലിയിലും സൈനികവാഹനവ്യൂഹങ്ങൾക്കുനേരേയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്.