തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണത് നഗരത്തിൽ പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. ശക്തമായ കാറ്റിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണു.
പൂവച്ചൽ കാപ്പിക്കാട് വീടിനു മുകളിലേക്ക് റബ്ബർ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. രാവിലെ 11 മണിയോടെ ഉണ്ടായ കാറ്റിലാണ് ചില്ല ഒടിഞ്ഞുവീണ് സാബു കുമാർ എന്നയാളുടെ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ വെള്ളനാട് ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി.
വെങ്ങാനൂർ ചാവടി നട ഏലായിൽ 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ഓണത്തിന് വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. 5000 ത്തോളം വാഴകൾ ഒടിഞ്ഞുവീണതായാണ് കണക്ക്. വെങ്ങാനൂർ കൃഷി ഓഫീസർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി വരുന്നു.
ശക്തമായ കാറ്റിൽ പള്ളിപ്പുറത്ത് പായിച്ചിറയിൽ സുരേഷിന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി. പള്ളിപ്പുറം സിആർപിഎഫ് ആസ്ഥാനത്തിനു സമീപം പുതുവലിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നിടത്ത് വഴിയുടെ കുറുകെ വീണ മരം ഇപ്പോഴും മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. വെളുപ്പിനെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആണ് മരം ഒടിഞ്ഞുവീണത്.