കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്നും കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും, ജോലി ലഭിച്ചില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂർ സ്വദേശിനിയുടെ പരാതി.
2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നായി അഞ്ച് പേർ കാർത്തികയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയെടുത്തതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.