ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം വേണ്ടെന്നുവെച്ചു. മേയ് ഒമ്പതിന് മോസ്കോയിൽ നടക്കുന്ന 'വിക്ടറി പരേഡി'ൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെയും തുടർന്നുള്ള സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.
റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡിൽ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും വിക്ടറി പരേഡിൽ പങ്കെടുക്കുക എന്നും റഷ്യ അറിയിച്ചു.
2024 ജൂലെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി റഷ്യ സന്ദർശിക്കുന്നു. ഈ സന്ദർശനത്തിൽ വെച്ച് പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി സുപ്രധാന ചർച്ച നടത്തിയിരുന്നു. കൂടാതെ പുതിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് യോഗം ചര്‍ച്ചചെയ്തത്. ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ചേരുന്ന രണ്ടാമത്തെ മന്ത്രിതല സുരക്ഷാസമിതി യോഗമാണിത്. ആദ്യ യോഗത്തിലാണ് പാകിസ്താനെതിരെയുള്ള നയതന്ത്ര നടപടികള്‍ സ്വീകരിച്ചത്. നിർണായക മന്ത്രിസഭാ തീരുമാനങ്ങൾ നാല് മണിക്ക് ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.