വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാൻ പൊലീസ്



കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാൻ പൊലീസ്. വേടന്‍റെ കയ്യിൽ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയിൽ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്.

കൈവശം കൊണ്ടു നടക്കേണ്ട ആയുധങ്ങളല്ല വേടനിൽ നിന്ന് പിടിച്ചെടുത്തതെന്നും ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണനയിലാണെന്നും തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു. ഇന്ന് വേടനെ വനം വകുപ്പിന് വിട്ടു കൊടുക്കില്ലെന്നും എസിപി വ്യക്തമാക്കി. അതേസമയം, വൈദ്യ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം പിന്നെ പറയാമെന്നും വേടൻ പറഞ്ഞു.

പിന്നീട് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴും വേടൻ ചോദ്യങ്ങളോട് പ്രതികരിച്ചു. പൊലീസിന്‍റെ വേട്ടയാടൽ ആണോയെന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു വേടന്‍റെ മറുപടി. തുടര്‍ന്ന് വേടനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു, പിടിയിലായത് 9 പേർ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال