ഷഹബാസിന്റെ കൊലപാതകം: പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി



കൊച്ചി: കോഴിക്കോട് താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എല്ലാഘട്ടത്തിലും ജാമ്യം എന്നത് അവകാശമല്ലെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളിയത്.

ഫെബ്രുവരി 27-നുനടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയായിരുന്നു മുഹമ്മദ് ഷഹബാസി(15)ന്റെ മരണം.
ട്യൂഷന്‍ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്നങ്ങള്‍ക്കൊടുവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പോര്‍വിളിയുയര്‍ത്തി നടത്തിയ സംഘര്‍ഷത്തിനിടെ, മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ്് പത്താംക്ലാസ് വിദ്യാര്‍ഥികളാണ് നിലവില്‍ കേസിലെ കുറ്റാരോപിതര്‍. ആറുപേരും ഇപ്പോള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും നേരത്തേ തള്ളിയിരുന്നു. കേസില്‍ വിദ്യാര്‍ഥികളെമാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും സംഭവത്തില്‍ മുതിര്‍ന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, ചില രക്ഷിതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال