തിരുവനന്തപുരം: ദൃക്‌സാക്ഷികൾ ഇല്ലാത്ത കൊലപാതകം. ആകെ മുന്നിലുണ്ടായിരുന്നത് കൊലപാതകിയെന്നു സംശയിക്കുന്ന അജ്ഞാതന്റെ അവ്യക്തമായ സിസിടിവി ദൃശ്യംമാത്രം. എന്നിട്ടും കൊല നടന്ന് അഞ്ചാംനാൾ തമിഴ്‌നാട്ടിൽനിന്ന് കേരള പോലീസ് പ്രതിയെ പിടികൂടിയത് പഴുതടച്ചുള്ള അന്വേഷണംവഴി. മലയാളി മനഃസാക്ഷിയെ നടുക്കിയ വിനീത കൊലക്കേസിൽ പോലീസ് നേരിട്ടത് വെല്ലുവിളികളുടെ പല കടമ്പകൾ.
ഉന്നത വിദ്യാഭ്യാസവും ജയിൽവാസ പരിചയവുമുണ്ടായിരുന്ന പ്രതി രാജേന്ദ്രനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നു കേസന്വേഷിച്ച പേരൂർക്കട സിഐ സജികുമാർ പറഞ്ഞു. വിനീത കൊല്ലപ്പെട്ട അലങ്കാരച്ചെടി കടയ്ക്ക് 20 കിലോമീറ്ററിലുള്ള സിസിടിവികളാണ് ആദ്യദിവസംതന്നെ പോലീസ് പരിശോധിച്ചത്.
പ്രതിയെന്നു സംശയിക്കുന്നയാളുടെ, പോലീസ് പുറത്തുവിട്ട ചിത്രം ഒരു ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതാണു വഴിത്തിരിവായത്.
അഞ്ചാം നാൾ തമിഴ്‌നാട്ടിലെ കാവൽക്കിണറിൽനിന്ന് രാജേന്ദ്രനെ പിടികൂടിക്കഴിഞ്ഞാണ് ഇയാളൊരു സീരിയൽ കൊലപാതകിയാണെന്നറിയുന്നത്. പോലീസ് തന്നെ ഞെട്ടിയ വിവരങ്ങളാണു പിന്നാലെ വന്നത്. മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാത്ത ഇയാൾക്ക് നാല് ബിരുദങ്ങളുണ്ട്. എൻസിസി സർട്ടിഫിക്കറ്റും. മുൻപ് ജയിലിൽക്കിടന്ന പരിചയം കൂടിയുണ്ടായിരുന്നതിനാൽ ചോദ്യംചെയ്യലിൽ ഇയാൾ പോലീസിനെ വെള്ളംകുടിപ്പിച്ചു. തെളിവുകൾ കൃത്യമായി മുന്നിലെത്തിച്ചു മാത്രമാണ് കുറ്റം സമ്മതിപ്പിക്കാനായത്.
അന്വേഷണം മൂന്ന് സംസ്ഥാനങ്ങളിലേക്ക്
കൊലപാതകം നടന്നത് തിരുവനന്തപുരം അമ്പലംമുക്കിലായിരുന്നെങ്കിലും പോലീസിനു ഏറെ സഞ്ചരിക്കേണ്ടിവന്നു. പ്രതിയെ പിടികൂടിയതും സ്വർണം കണ്ടെടുത്തതും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം മധ്യപ്രദേശിലായിരുന്നു. ഇവയെല്ലാം ശേഖരിച്ച് സമയബന്ധിതമായി അന്വേഷണം നടത്തി 80 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കിയത് കേരള പോലീസിനു നേട്ടമായി.