ന്യൂഡൽഹി: ഡൽഹി - മുംബൈ ദേശീയ പാതയിൽ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നൂഹിലുള്ള ഇബ്രാഹിം ബാസ് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ പത്ത് മണിയോടെ അതിവേഗ പാതയിൽ പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് പിക്കപ്പ് വാൻ പാഞ്ഞുകയറിയത്. അപകടത്തെ തുടർന്ന് വാഹനം സ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണപ്പെട്ട ആറ് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.