ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം: സുകാന്തും മാതാപിതാക്കളും ഒളിവിൽ



എടപ്പാള്‍:തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ വീട്ടിലുള്ളത് പട്ടിണിയിലായ വളര്‍ത്തുമൃഗങ്ങള്‍ മാത്രം. ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല.

എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. ആത്മഹത്യാ വാര്‍ത്തയ്ക്കുശേഷം ഗേറ്റ് തുറന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ എവിടേക്കാവാം ഇവര്‍ പോയിട്ടുണ്ടാവുക എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണകളൊന്നുമില്ല.
സുകാന്തിന്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏകമകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുകാന്തിന്റെ പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. വീട്ടുവളപ്പില്‍നിന്ന് പശുക്കളുടെ വലിയ കരച്ചില്‍കേട്ട് അവയ്ക്ക് തീറ്റ കൊടുക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും മതിലിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല.
തൊഴുത്തില്‍ എട്ടു പശുക്കള്‍, റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ, ഒരു ചെറിയ കൂടുനിറയെ കോഴികള്‍ എന്നിവ വീട്ടുവളപ്പിലുണ്ട്. പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കി. എന്നാല്‍, പോലീസ് എത്തി വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചതോടെ അയല്‍വാസികള്‍ ആശങ്കയിലായി.
വലിയ അടുപ്പമൊന്നമില്ലാത്ത കുടുംബത്തെക്കുറിച്ച് ഒന്നും പറയാന്‍ അയല്‍വാസികള്‍ക്ക് കഴിഞ്ഞില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുമെന്ന ആശങ്കയായതോടെ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരനെ അറിയിക്കുകയും അദ്ദേഹം എത്തി നായയ്ക്ക് തീറ്റയും പശുക്കള്‍ക്ക് കാലിത്തീറ്റയും മറ്റും സാധനങ്ങളും വാങ്ങി നല്‍കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال