ന്യൂഡല്‍ഹി: അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനംലഭിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം വിദൂരപ്രദേശങ്ങളില്‍ ജോലിചെയ്യണമെന്ന സംസ്ഥാനങ്ങളുടെ വ്യവസ്ഥയെ എതിര്‍ത്ത് സുപ്രീംകോടതി.
2009-ല്‍ നിലവില്‍വന്ന സംസ്ഥാന നയത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശംനടത്തിയത്. ഈ നയപ്രകാരം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സബ്സിഡി ഫീസുകള്‍ക്കുപകരമായി വിദൂരപ്രദേശങ്ങളില്‍ അഞ്ചുവര്‍ഷത്തേക്ക് ജോലിചെയ്യുമെന്ന ഒരു ബോണ്ടില്‍ നിര്‍ബന്ധമായും ഒപ്പിടണം.
അഖിലേന്ത്യാ ക്വാട്ടയില്‍ യോഗ്യതനേടിയ വിദ്യാര്‍ഥികള്‍ സംസ്ഥാനക്വാട്ടയില്‍ പ്രവേശനംനേടിയ വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവരാണ്. ഇവരെ എങ്ങനെയാണ് ബോണ്ടഡ് ലേബര്‍മാരെപ്പോലെ പരിഗണിക്കാന്‍കഴിയുകയെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് സ്വമേധയാ ഒപ്പിടുന്ന ബോണ്ടാണെന്നും ഒപ്പിടാത്തവര്‍ക്ക് ഉയര്‍ന്ന ഫീസുനല്‍കി പഠിക്കാമെന്നുമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പറഞ്ഞത്. അര്‍ഹതയുള്ളവരും ലക്ഷങ്ങള്‍ ഫീസടയ്‌ക്കേണ്ടിവരുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.
ബോണ്ട് നടപ്പാക്കാത്തതിനാല്‍ 18 ശതമാനം പലിശസഹിതം അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഗര്‍വാളിലെ ഒരു കോളേജിലെ 2011 ബാച്ച് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രവേശനംനേടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ നയത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നെന്നും അതിനാല്‍ തുകയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, ബെഞ്ച് പലിശനിരക്ക് ഒന്‍പതുശതമാനമായി കുറയ്ക്കുകയും നാലാഴ്ച സമയംകൂടി അനുവദിക്കുകയുംചെയ്തു.