പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ റിലയന്‍സ് ജിയോയെ മറികടന്ന് ഭാരതി എയര്‍ടെല്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കനുസരിച്ച് 14.4 ലക്ഷം സജീവ വരിക്കാരെയാണ് എയര്‍ടെലിന് ലഭിച്ചത്. ജിയോയ്ക്കാകട്ടെ 3.8 ലക്ഷം പേരെ മാത്രമാണ് ഫെബ്രുവരിയില്‍ അധികമായി ലഭിച്ചത്.
ഇതോടെ എയര്‍ടെലിന്റെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 38.81 കോടി ആയി ഉയര്‍ന്നു. എന്നാല്‍, ആകെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നില്‍. ട്രായ് പുറത്തുവിട്ട കണക്കനുസരിച്ച് ജിയോയ്ക്ക് 44.59 കോടി സജീവ ഉപഭോക്താക്കളുണ്ട്.
അതേസമയം വോഡഫോണ്‍ ഐഡിയയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഫെബ്രുവരിയിലും കുറവുണ്ടായി. 4.4 ലക്ഷം പേരെയാണ് വിയ്ക്ക് നഷ്ടമായത്. 17.53 കോടിയാണ് വിയുടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലി ന് 20.2 ലക്ഷം സജീവ ഉപഭോക്താക്കളെ അധികമായി ലഭിച്ചു. ഇതോടെ ആകെ സജീവ ഉപഭോക്താക്കളുടെ എണ്ണം 5.83 കോടിയായി ഉയര്‍ന്നു. കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളെ നഷ്ടമായ ഏക ടെലികോം സേവനദാതാവ് വിയാണ്. ജനുവരിയിലും ഇങ്ങനെ തന്നെ ആയിരുന്നു.
ജിയോയേക്കാള്‍ വേഗത്തിലാണ് എയര്‍ടെലും ബിഎസ്എന്‍ലും കഴിഞ്ഞമാസം സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിച്ചത്. താരിഫ് നിരക്ക് വര്‍ധനവായിരിക്കാം ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തെ ബാധിച്ചതെന്നാണ് കരുതുന്നത്.
ജിയോ തന്നെയാണ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. 40.52% ആണ് ജിയോയുടെ വിപണി വിഹിതം. എയര്‍ടെല്‍ 33.67 %, വോഡഫോണ്‍ ഐഡിയ 17.84 %, ബിഎസ്എന്‍എല്‍ 7.89 % വിപണി വിഹിതവും കയ്യാളുന്നു.
ജിയോയ്ക്ക് 17 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോള്‍ എയര്‍ടെലിന് 15.9 ലക്ഷം വരിക്കാരെ ലഭിച്ചു. വോഡഫോണിന് ആകെ വരിക്കാരില്‍ 20720 പേരെ നഷ്ടമായി. ബിഎസ്എന്‍എലിന് 5.6 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായി.
ജിയോയുടെ ആകെ വയര്‍ലെസ് ഉപഭോക്താക്കളുടെ എണ്ണം 46.75 കോടിയും എയര്‍ടെലിന്റേത് 38.18 കോടിയുമാണ്.