പാറശ്ശാല: സംസ്ഥാന ഫിഷറീസ് വകുപ്പ് മൂന്നുവര്‍ഷംമുന്‍പ് കൊട്ടിഘോഷിച്ച് പൊഴിയൂരിലെ മത്സ്യത്തൊഴിലാളികള്‍ക്കു വിതരണംചെയ്ത 'നിറവ്' ഫ്‌ളാറ്റുകള്‍ അനധികൃതമെന്ന് കാരോട് ഗ്രാമപ്പഞ്ചായത്ത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു രേഖകളും പഞ്ചായത്തിന്റെ പക്കലില്ല. ഇതുകാരണം ഫ്‌ളാറ്റ് ഉടമകള്‍ക്ക് കെട്ടിട നമ്പരോ ഉടമസ്ഥാവകാശമോ ഇതുവരെ ലഭിച്ചിട്ടില്ല. പഞ്ചായത്തംഗം കാന്തള്ളൂര്‍ സജി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഫ്‌ളാറ്റുകള്‍ അനധികൃതമാണെന്ന വിവരം പുറത്തുവന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഈ വിഷയത്തില്‍ ഫിഷറീസ് വകുപ്പുമായി കൊമ്പുകോര്‍ക്കുന്നത്.
പൊഴിയൂര്‍ തീരത്തോടുചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 126 ഫ്‌ളാറ്റുകളാണ് പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മിച്ചു കൈമാറിയത്. രണ്ടുമാസം പിന്നിട്ടപ്പോള്‍തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് പൊട്ടിയൊഴുകാന്‍ തുടങ്ങി. ഫ്‌ളാറ്റുകളുടെ നിര്‍മാണാനുമതിക്കായി ഫിഷറീസ് വകുപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമര്‍പ്പിച്ച പ്‌ളാനിലെ അപാകംമൂലം പഞ്ചായത്ത് അനുമതി നിഷേധിക്കുകയും പ്ലാന്‍ പുനഃസമര്‍പ്പിക്കുന്നതിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഫിഷറീസ് വകുപ്പ് സമര്‍പ്പിച്ച പ്ലാനില്‍ 126 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് പര്യാപ്തമായ മാലിന്യസംസ്‌കരണ ഉപാധികള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് നിര്‍മാണാനുമതി നിഷേധിച്ചത്. എന്നാല്‍ പുനഃപരിശോധനയൊന്നും നടത്താതെ നേരത്തേ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മാണം ആരംഭിക്കുകയാണ് ഫിഷറീസ് വകുപ്പ് ചെയ്തത്.
126 ഫ്‌ളാറ്റുകളിലായി നാനൂറിലധികം കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. ഫ്‌ളാറ്റ് കൈമാറി നിലവിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കാരോട് ഗ്രാമപ്പഞ്ചായത്ത് 40 ലക്ഷത്തോളം രൂപ വകയിരുത്തിയെങ്കിലും ഫിഷറീസ് വകുപ്പ് ഉടമസ്ഥാവകാശം കൈമാറാത്തതിനാല്‍ ഈ തുക വിനിയോഗിക്കുവാന്‍ സാധിച്ചില്ല.
കെട്ടിട നമ്പരോ, ഉടമസ്ഥാവകാശമോ ലഭിക്കാത്തതിനാല്‍ അനധികൃത കെട്ടിടത്തില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് താമസിക്കുന്ന സ്ഥലത്ത് വോട്ടവകാശം പോലുമില്ല. ഇതുമൂലം ഇവര്‍ക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.