സംസ്ഥാനത്ത് ഭൂമിയിടപാടുകളിൽ ഇടിവ്: 803.21 കോടിയുടെ കുറവ്



തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി, വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്ത് ഭൂമിയിടപാട് കുറഞ്ഞു. പോയ സാമ്പത്തികവര്‍ഷം, മുന്‍വര്‍ഷത്തെക്കാള്‍ 15,664 ആധാരങ്ങളുടെ കുറവുണ്ടായി. 6382.15 കോടിരൂപ വരുമാനം ലക്ഷ്യമിട്ടിടത്ത് രജിസ്ട്രേഷന്‍ വകുപ്പിനു കിട്ടിയത് 5578.94 കോടി. പ്രതീക്ഷിച്ചതിലും 803.21 കോടിയുടെ കുറവ്.

സ്വര്‍ണനിക്ഷേപത്തില്‍ താത്പര്യം കൂടിയതും റിയല്‍ എസ്റ്റേറ്റ് മേഖലയോട് താത്പര്യം കുറഞ്ഞതുമൊക്കെ ഭൂമിയിടപാട് കുറയാന്‍ കാരണമായിട്ടുണ്ടെന്ന് രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. വിദേശരാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കും പോകുന്നവര്‍ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതും ഭൂമിയിടപാടില്‍ കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആധാരങ്ങള്‍ കുറഞ്ഞെങ്കിലും കോമ്പൗണ്ടിങ്, സെറ്റില്‍മെന്റ് പദ്ധതികളിലൂടെയും അണ്ടര്‍വാല്യുവേഷനിലൂടെയും ന്യായവില കര്‍ശനമാക്കിയതുംവഴി 359.60 കോടിയുടെ അധികവരുമാനമുണ്ടായി. അണ്ടര്‍വാല്യുവേഷനിലൂടെ മാത്രം 31 കോടിയാണ് വരുമാനം.
എറണാകുളം ജില്ലയിലാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കൂടുതല്‍ വരുമാനമുണ്ടായത്. 1241.02 കോടിരൂപ. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ് ( 782.32 കോടി). വയനാട് ജില്ലയിലാണ് വരുമാനത്തില്‍ കുറവെങ്കിലും (101.03കോടി) വരുമാന ലക്ഷ്യത്തിന്റെ (126.36 കോടി) 79.95 ശതമാനം നേട്ടം കൈവരിക്കാനായെന്ന് രജിസ്ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.
പ്രിയം സ്വര്‍ണത്തിനോട്
'ഗള്‍ഫ് പണത്തിന്റെ വരവില്‍ കുറവുണ്ടായത് ബാധിച്ചിട്ടുണ്ട്. എവിടെ നിക്ഷേപിക്കണം എന്നതില്‍ വലിയ ആശയക്കുഴപ്പമുണ്ടിപ്പോഴും. അപ്പോള്‍പ്പിന്നെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ ജനം കാണാന്‍ തുടങ്ങി. ഭൂമി പെട്ടെന്നുവിറ്റ് ആവശ്യം നിറവേറ്റാനാവില്ല. സ്വര്‍ണം അങ്ങനെയല്ല'- ഡോ. മേരിജോര്‍ജ്, സാമ്പത്തികവിദഗ്ധ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال