ഐബി ജീവനക്കാരിയുടെ മരണത്തിൽ ഫോണ്‍കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ്



തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തിൽ ഫോണ്‍കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ് സംഘം നടപടി ആരംഭിച്ചു. യുവതിയുടെ ബന്ധുക്കളിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും.

യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളിൽ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവെ ട്രാക്കിൽ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട അതിരങ്കൽ സ്വദേശിനിയായ മേഘ (25) ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയിരുന്നു.

ഇതിനിടെ റെയിൽവെ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നിൽ തല വച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പോലീസിൽ മൊഴി നൽകിയിരുന്നു.

യുവതിയുടെ മൊബൈൽ ഫോണ്‍ തകർന്നു പോയിരുന്നു. അതേ സമയം പ്രണയനൈരാശ്യമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال