ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് പിന്നാലെ കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി പ്രചാരണത്തിന് തുടക്കം കുറിച്ചു. സമീപകാല ചരിത്രത്തിൽ ഏറ്റവും നിർണായകമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്. കാനഡ പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിച്ചിരുന്നു.
അമേരിക്കയുമായുള്ള ബന്ധം വഷളാവുകയും കൂടുതൽ സങ്കീര്‍ണമാവുകയും ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രോഡോയുടെ പിൻഗാമിയായി കാർണി ചുമതലയേറ്റത്. കാര്‍ണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. 2015 മുതൽ കാനഡയിൽ അധികാരത്തിലുള്ള പാർട്ടിയാണെങ്കിലും പുതിയ സാഹചര്യത്തിലും ട്രംപിന്റെ നയങ്ങളോടുള്ള ഏറ്റുമുട്ടുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കാര്‍ണി. പുതിയ സാഹചര്യത്തിൽ പാര്‍ട്ടിയിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നും കാര്‍ണി കരുതുന്നു.