ജിദ്ദ: റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്കയുടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സൗദി അറേബ്യയില്‍ നടന്ന ഉന്നതതല ചര്‍ച്ചയെത്തുടര്‍ന്നാണ് സമവായസാധ്യത തെളിയുന്നത്. നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചതോടെ സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും പുനരാരംഭിക്കാൻ തങ്ങള്‍ തയ്യാറാണെന്ന് അമേരിക്കയും വ്യക്തമാക്കി.
പരസ്പരധാരണയോടെ വെടിനിര്‍ത്തല്‍ നീട്ടാമെന്നും യു.എസ്- യുക്രൈന്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലാണെന്ന് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കി. റഷ്യ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.
സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് പുടിനും തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. സെലന്‍സ്‌കിയെ വീണ്ടും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ, അപൂര്‍വ ധാതുക്കരാറില്‍ ഒപ്പുവെക്കാന്‍ യു.എസിലെത്തിയ സെലന്‍സ്‌കിയും ട്രംപും തമ്മിലെ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു.