ഒരു മണിക്കൂറിനുള്ളില്‍ സ്ത്രീകളുടെ മാലകള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമം: ഉത്തര്‍പ്രദേശുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു



ചെന്നൈ: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. നാട്ടില്‍നിന്ന് വിമാനത്തിലെത്തി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്ത്രീകളുടെ മാലകള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സൂരജ് (29), ജാഫര്‍(28) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ ആറിനും ഏഴിനുമിടയിലാണ് ഇവര്‍ മോഷണം നടത്തിയത്. തിരുവാണ്‍മിയൂര്‍, ബസന്റ് നഗര്‍, ഗിണ്ടി, സൈദാപ്പേട്ട, വേളാച്ചേരി, പള്ളിക്കരണൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള ഏഴുസ്ത്രീകളുടെ മാലകളാണ് തട്ടിയെടുത്തത്.
സംഭവമറിഞ്ഞയുടന്‍ പോലീസ് തിരച്ചിലാരംഭിച്ചു. ഇതോടൊപ്പം ചെന്നൈ വിമാനത്താവളത്തിലേക്കും, ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരംനല്‍കി. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലേക്കും ഹൈദരാബാദിലേക്കും പോകാന്‍ തയ്യാറായിനില്‍ക്കുന്ന വിമാനങ്ങളില്‍ പരിശോധന നടത്തി. രണ്ട് വിമാനങ്ങളില്‍നിന്നുമായി രണ്ടുപേരെയും അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സംശയം തോന്നാതിരിക്കാനാണ് രണ്ടുപേരും വ്യത്യസ്ത വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കയറിയതെന്ന് പോലീസിനുനല്‍കിയ മൊഴിയില്‍പ്പറഞ്ഞു.
ഇവരുടെ കൂട്ടാളികള്‍ നഗരത്തിലുണ്ടോയെന്ന് പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ജനുവരിയില്‍ പൊങ്കല്‍ദിനത്തില്‍ താംബരത്ത് പത്തോളം സ്ത്രീകളുടെ സ്വര്‍ണമാലകള്‍ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ജാഫറിന് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. കവര്‍ന്ന സ്വര്‍ണം ഉത്തര്‍പ്രദേശിലെ ജൂവലറികളില്‍ വിറ്റ് ആഡംബരജീവിതം നയിക്കുകയാണ് ഇവര്‍ ചെയ്യാറെന്നും പോലീസ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال