നിങ്ങളുടെ വിദേശ ജോലി സ്വപ്‌നം സാക്ഷാത്കരിക്കാം; നോര്‍ക്ക ശുഭയാത്ര വായ്പാ ധനസഹായപദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ  നോർക്ക ശുഭയാത്രയ്ക്ക്  തുടക്കമായി.പദ്ധതിയിൽ ഭാഗമായുളള ആദ്യ കരാർ ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി,സെക്രട്ടറി ഇൻ ചാർജ് എ വി അമലിന് കൈമാറി. ജി.സി.സി രാജ്യങ്ങളിലുൾപ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴിൽ മേഖലകളിൽ (പ്ലംബിങ്, ഇലക്ട്രീഷ്യൻ, കാർപെന്റർ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്. 

ഇത്തരം സാധ്യതകൾ പ്രയേജനപ്പെടുത്തുന്നതിനായുളള നൈപുണ്യ വികസന പരിശീലനത്തിനും പദ്ധതി സഹായകരമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.അർഹരായ എല്ലാവരേയും പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും, ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ സി സജീവ് തൈക്കാടും വ്യക്തമാക്കി. നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഡയറക്ടർ മാരായ എ നാസറുദ്ധീൻ, ആർ സതികുമാർ, റഷീദ് റസ്റ്റം, എം നാസർ പൂവച്ചൽ നോർക്ക റൂട്ട്സ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു. വിദേശത്ത് തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകൾ എന്നിവയ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോർക്ക ശുഭയാത്ര പദ്ധതി. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണ് ഇത്. 

36 മാസ തിരിച്ചടവിൽ രണ്ടു ലക്ഷം രൂപ വരെയാണ് അർഹരായ അപേക്ഷകർക്ക് വായ്പയായി ലഭിക്കുക. അംഗീകൃത റിക്രൂട്ടിംഗ് ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവർഷം)  പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്‌സ് വഹിക്കും. വീസ സ്റ്റാമ്പിംഗ്, എച്ച്ആർഡി/എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്‌സിനേഷൻ മുതലായവയ്ക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال