സൈബർ സുരക്ഷാ കമ്പനിയായ ബിറ്റ്‌ഡെഫെൻഡറിലെ ഗവേഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി. അവ വേപ്പർ ഓപ്പറേഷൻ എന്ന വലിയ തട്ടിപ്പ് കാംപയിന്‍റെ ഭാഗമായിരുന്നു. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ആപ്പുകൾ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവ ആൻഡ്രോയ്‌ഡ് 13-ന്‍റെ സുരക്ഷയും മറികടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
2024-ന്‍റെ തുടക്കത്തിൽ ഐഎഎസ് ത്രെറ്റ് ലാബ് ആണ് ഈ ക്യംപയിന്‍ ആദ്യമായി കണ്ടെത്തിയത്, അവർ തുടക്കത്തിൽ 180 ആപ്പുകളെ പ്രവർത്തനവുമായി ബന്ധിപ്പിച്ചു. ഈ ആപ്പുകൾ നുഴഞ്ഞുകയറുന്ന പരസ്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ആക്രമിക്കുകയും, ക്രെഡൻഷ്യലുകൾ മോഷ്ടിക്കുകയും, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പോലും ചോർത്തുകയും ചെയ്യുന്നു. ഗൂഗിൾ ഈ അപകടകരമായ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, ഗവേഷണം പൂർത്തിയാകുമ്പോഴേക്കും 15 ആപ്പുകൾ ഇപ്പോഴും ലഭ്യമായിരുന്നുവെന്ന് ബിറ്റ്ഡിഫെൻഡർ അതിന്‍റെ റിപ്പോർട്ടിൽ പറയുന്നു.