തിരുവനന്തപുരം: തിരുവനന്തപുരത്തെ അമരവിള ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ഏകദേശം ഒന്നരക്കോടി രൂപയുടെ അനധികൃത സ്വർണാഭരണങ്ങൾ പിടികൂടി. 2.250 കിലോഗ്രാം സ്വർണാഭരണങ്ങളാണ് എക്‌സൈസ് വിഭാഗം പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിലൂടെയാണ് മതിയായ രേഖകളില്ലാതെ സ്വർണാഭരണങ്ങൾ കടത്തുന്നത്.
ബസിലെ യാത്രക്കാരായ തൃശ്ശൂർ സ്വദേശികളായ ജിജോ, ശരത് എന്നിവരിൽ നിന്നാണ് ഈ സ്വർണാഭരണങ്ങൾ പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഡി. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഈ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.എസ്. അനീഷ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു .
സംഭവത്തിൽ രണ്ടുപേരെയും ആഭരണങ്ങളോടൊപ്പം എക്‌സൈസ് പിന്നീട് ജിഎസ്ടി വകുപ്പിന് കൈമാറി. ഇവർക്ക് 9 ലക്ഷം രൂപ ജിഎസ്ടി വകുപ്പ് പിഴ ചുമത്തി.

