മദ്യപിച്ച് വാഹനമോടിച്ച കേസ്: യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു


കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലനക്ലാസിലും ധന്യ പങ്കെടുക്കണം.

ജൂലായ് ആദ്യത്തിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബറായ ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായരീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പൊലീസ് എത്തിയതോടെ കാർ അമിതവേ​ഗത്തിൽ ഓടിച്ചുപോയി. പിന്നീട് മം​ഗൽപാടി ബന്തിയോട് ഭ​ഗവതി ന​ഗറിൽവെച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയുംചെയ്തു. സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു.

എല്ലാവരും ശ്രദ്ധിക്കുമെന്നതിനാലാണ് വാഹനം നിർത്താതിരുന്നതെന്നും വാഹനം ഓടിച്ചുപോയി തന്റെ വീടിന്റെ മുന്നിലാണ് നിർത്തിയതെന്നുമായിരുന്നു ധന്യയുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് പിഴ ഈടാക്കിയതായും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ പറഞ്ഞ് മനസിലാക്കി തന്നതായും ധന്യ വിശദീകരിച്ചിരുന്നു. യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ധന്യ, ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലാണ് സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെടുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال