സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയിൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തലസ്ഥാന ജില്ലയെ കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, എന്നെ ഏഴു ജില്ലകളിൽ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 24 മണിക്കൂറിൽ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ ഇടിമിന്നലിനും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകി.

കാലവർഷം കേരളത്തിൽ എത്താൻ മൂന്നുദിവസം കൂടി എടുക്കുമെന്ന് പറഞ്ഞ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുതുക്കിയ റിപ്പോർട്ടിൽ നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്ന് വകുപ്പ് അറിയിച്ചു. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം എന്നും വകുപ്പിന്റെ അറിയിപ്പിൽ ഉണ്ട്. ലക്ഷദ്വീപ്‌ തീരങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال