എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരം


എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 25നും പ്രഖ്യാപിക്കും. മൂല്യനിർണയം ആരംഭിച്ചതായും അദ്ദേഹം അറയിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം മെയ് 8ന് ആയിരുന്നു ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്.

എന്നാൽ ഗൾഫ് മേഖലയിലെ സാഹചര്യം കൂടി പരിഗണിച്ചാണ് ഇപ്പോൾ തീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. യുദ്ധ സാഹചര്യത്തിൽ യു എ ഇയിലെ പരീക്ഷ നടത്താൻ കഴിഞ്ഞിട്ടില്ല. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്ന് സർക്കാരിലേക്ക് ചില ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. ഗൾഫ് കേന്ദ്രങ്ങളിൽ മാർച്ചിലെ എസ്എസ്എൽസി പരീക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ചു, മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ 1ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം – 1158 കോടിയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതെന്ന് പറഞ്ഞ വി ശിവൻകുട്ടി ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

അവധിക്കാല ക്ലാസുകൾ പാടില്ലെന്നും വി ശിവൻകുട്ടി നിർദേശിച്ചു. അൺ എയ്ഡ് മാനേജ്മെന്റ് സ്കൂളുകളിൽ നിർബന്ധമായി അവധിക്കാല ക്ലാസുകൾ നടക്കുന്നുണ്ട്. തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണം, മന്ത്രി വ്യക്തമാക്കി.

കാസർഗോഡ് ചിൻമയ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ ഫലം സിബിഎസ്ഇ തടഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സിബിഎസ്ഇയുടെ അക്കാദമിക കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം രക്ഷിതാക്കളും വിദ്യാർഥികളും സർക്കാരിന് പരാതി നൽകിയാൽ ഇടപെടുമെന്നും വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال