ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്നീ ചിത്രങ്ങൾ 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFI) ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. മോഹൻലാൽ നായകനായ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രവും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 25 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ചിത്രമാണ് സർക്കീട്ട്. ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ഫീൽ ഗുഡ് ഫാമിലി ചിത്രം രചിച്ചതും സംവിധായകനായ താമർ കെ വിയാണ്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബാലതാരം ഓര്‍ഹാനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.