തിരുവനന്തപുരം: ബിജെപിക്കെതിരെ കടുത്ത മുന്നറിയിപ്പും പരിഹാസവുമായി മുതിർന്ന നേതാവ് എംഎസ് കുമാർ. തൻറെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാറിൻ്റെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. താൻ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ എസ് സുരേഷിൻറെ പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിൻ്റെ പ്രതികരണം.
‘സുരേഷ് പറഞ്ഞാൽ അത് അവസാന വാക്ക് ആണ്, അത്യുന്നതനായ നേതാവാണ് അദ്ദേഹം', എന്ന് പരിഹാസത്തോടെ പറഞ്ഞുകൊണ്ടാണ് എംഎസ് കുമാറിൻ്റെ പ്രതികരണം. 'ബിജെപിയുടെ ആരുമല്ല താനെന്ന് ബോധ്യം വന്നത് ഇപ്പോഴാണ്. അദ്ദേഹം പറഞ്ഞപ്പോഴാണ് അത് വ്യക്തമായത്. ആ പരാമർശത്തിൽ വേദനയില്ല. പാർട്ടി പരിപാടികൾ ഒന്നും തന്നെ അറിയിക്കാറില്ല,. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്തില്ലല്ലോ. കട്ട് ചെയ്തില്ലെന്ന് കരുതുന്നു. അങ്ങനെയങ്ങ് ജീവിച്ചോളാം' - എംഎസ് കുമാർ പറഞ്ഞു.
'തിരുമല അനിലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിൻ്റെ സഹകരണ സംഘത്തിൽ നിന്ന് വായ്‌പയെടുത്ത ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വായ്പാ തുക തിരിച്ചടക്കേണ്ടതുണ്ട്. 10 വർഷത്തിലധികമായി തിരിച്ചടക്കാത്തവർക്ക് രണ്ടാഴ്ചയെങ്കിലും സമയം കൊടുക്കണ്ടേ. വായ്പ എടുത്ത നേതാക്കളെ കുറിച്ച് വെളിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് ഉടനെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം അവർക്കുള്ള ഓർമ്മപ്പെടുത്തലാണ്.'