ദില്ലി: പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ എടുത്ത നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി. രേഖാ മൂലമല്ല അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും തനിക്ക് ഇല്ലെന്നും പറഞ്ഞു. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നൽകിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമേ കത്ത് നൽകൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആർഎസ്എസ് ഗണഗീത വിവാദത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായി മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. കൂടാതെ, സിബിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ സംസ്ഥാനത്തിന്റെ അംഗീകാരം വേണമെന്നും എൻഒസി ഏത് സമയം വേണമെങ്കിലും റദ്ദാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകൾ മാത്രമെ പാടാൻ പാടുള്ളു എന്ന് പറഞ്ഞ മന്ത്രി ഇത്തരം ചടങ്ങുകൾക്ക് ഏകീകരിച്ച ഒരു ഗാനം വേണമെന്നും ആവശ്യപ്പെട്ടു.
എൻസിഇആർടി വെട്ടി മാറ്റിയ പാഠഭാഗങ്ങളെ ഉൾപ്പെടുത്തി പുസ്തകം തയ്യാറാക്കി പരീക്ഷ നടത്തിയത് കേരളത്തിൽ മാത്രമാണ്. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണ്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്കെയുമായി ബന്ധപ്പെട്ട ഫണ്ട് എത്രയും പെട്ടെന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ച. 1066.66 കോടി രൂപ ഒറ്റത്തവണയായി എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജൻ ധൻ ഹോസ്റ്റലുകൾക്കുള്ള 6 കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനുള്ള 3 കോടിയും അടിയന്തരമായ റിലീസ് ചെയ്യണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന വിദ്യാഭ്യാസ കോട്ടയത്തിൽ പങ്കെടുക്കണമെന്നും കേന്ദ്ര മന്ത്രിയോട് അറിയിച്ചതായി ശിവൻകുട്ടി പറഞ്ഞു.