മൾട്ടിപ്ലെക്സ് തീയേറ്ററുകളിൽ അമിതമായ വില ഈടാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. “ഒരു വാട്ടർ ബോട്ടിലിന് 100 രൂപയും ടിക്കറ്റിന് 700 രൂപയും ആണെങ്കിൽ, തീയേറ്ററുകൾ ഉടൻ ഒഴിഞ്ഞേക്കാം” എന്ന് കോടതി വിമർശിച്ചു. കാണികളിൽ നിന്ന് ഈടാക്കുന്ന ഈ നിരക്കുകളിൽ പരിധി നിശ്ചയിച്ചില്ലെങ്കിൽ സിനിമാ തിയേറ്ററുകൾ കാലിയാകുന്ന അവസ്ഥ ഉണ്ടാകും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
മൾട്ടിപ്ലെക്‌സുകളിലെ ടിക്കറ്റുകൾക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഈ നിർണായക നീരിക്ഷണം. സിനിമാ മേഖല നിലവിൽ പ്രതിസന്ധി നേരിടുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, യുക്തിസഹമായ നിരക്കിൽ പൊതുജനങ്ങൾക്ക് സിനിമാ കാണാൻ അവസരമൊരുക്കുകയാണ് മൾട്ടിപ്ലെക്സ് തീയേറ്ററുകൾ ചെയ്യേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ, കർണാടക സ്റ്റേറ്റ് ഫിലിം ചേംബർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് മറുപടി നൽകാനായി സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.