തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പലസ്ഥലങ്ങളിലും പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗുണ്ടായിസം നടത്തുന്നവരെ സര്‍ക്കാര്‍ ശക്തമായി നേരിടും. അക്രമികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി നമസ്തേ കേരളത്തില്‍ പറഞ്ഞു. ഊബറും ഓലയുമെല്ലാം സംസ്ഥാനത്ത് നിയമവിരുദ്ധമായാണ് ഓടുന്നത് എന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിലും മന്ത്രി വ്യക്തത വരുത്തി.
അതേ സമയം ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ തല്ലുന്നതിന് ഏക കാരണം സര്‍ക്കാരാണെന്നും ഹൈക്കോടതിയടക്കം ഇടപെട്ടിട്ടും അഗ്രിഗേറ്റര്‍സ് പോളിസി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ലെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ടൂറിസം കേന്ദ്രങ്ങളിലടക്കം വളഞ്ഞിട്ട് തല്ലുന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പല സ്ഥലങ്ങളിലും മര്‍ദ്ദനമേല്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പലരേയും വ്യാജമായി ഓട്ടം വിളിച്ച് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചാണ് സംഘടിതമായി ആക്രമിക്കുന്നത്.