തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത പൂർണമായി തള്ളുകയാണ് എസ്എടി ആശുപത്രി അധികൃതർ. അതേസമയം, കരിക്കകം സ്വദേശി ശിവപ്രിയയുടെ മൃതദേഹം സംസ്കരിച്ചു. 19 ദിവസം മാത്രം പ്രായമുള്ള ബൃഹദീശ്വരന്റെയും രണ്ടരവയസ്സുകാരി ശിവനേത്രയേയും തനിച്ചാക്കിയാണ് ശിവപ്രിയയുടെ മടക്കം.
ശിവപ്രിയയുടെ മരണത്തിൽ ഉയർന്ന കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്തെ വിദഗ്ധരെ നിയോഗിച്ചാണ് അന്വേഷണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ സംഗീതയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ ലത, സർജറി വിഭാഗം മേധാവി ഡോ സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻ ഡിസീസ് വിഭാഗം മേധാവി ജൂബി ജോൺ എന്നിവരാണ് അംഗങ്ങൾ. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാണ് ശിവപ്രിയയുടെ കുടുംബത്തിൻ്റെ ആവശ്യം.
ഇന്നലെയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് 26 കാരി ശിവപ്രിയ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. ആശുപത്രി വിട്ടതിന്റെ പിറ്റേദിവസം കടുത്ത പനിയെ തുടർന്ന് തിരികെയെത്തിച്ചു. അണുബാധ കടുത്തതോടെ നില കൂടുതൽ വഷളാവുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ആശുപത്രിയിൽ നിന്ന് അണുബാധയേൽക്കാനുള്ള സാധ്യതയില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് എസ്എടി അധികൃതർ. മറ്റ് രോഗികൾക്കൊന്നും അണുബാധ ഉണ്ടായിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് വാദം. തുടർച്ചയായ ചികിത്സപിഴവ് പരാതികളിലും പിഴവുകളിലും നാണംകെടുകയാണ് നിലവിൽ ആരോഗ്യവകുപ്പ്.