കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കോതമംഗലത്ത് വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഇടുക്കി മാങ്കുളം സ്വദേശിനി നന്ദന ഹരിയാണ് മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നന്ദനയുടെ പിതാവ് ഹരി ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് 19 കാരിയായ നന്ദനയെ കോളേജ് ഹോസ്റ്റല്‍ റൂമിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അവധി ദിവസമായിരുന്നതിനാല്‍ മിക്ക കുട്ടികളും വീട്ടിലേക്ക് പോയിരുന്നു. തൊട്ടടുത്ത മുറിയിലെ സുഹൃത്ത് പ്രഭാത ഭക്ഷണം കഴിക്കാനായി നന്ദനയുടെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. പിന്നീട് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ കോളേജ് അധികൃതരെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. വെള്ളിയാഴ്ചയാണ് മകള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നും മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും പിതാവ് ഹരി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ Dr. വിജി പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال